യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടന്നതായി ആരോപിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടന്നതായി ആരോപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കൗണ്ടിംഗിന് മുന്‍പ് വരെ തങ്ങളിവിടെ ജയിക്കും എന്ന വലിയ ആത്മവിശ്വാസം കാണിക്കുന്ന യുഡിഎഫിനെയാണ് കണ്ടത്. ഈ ആത്മവിശ്വാസം ചില കച്ചവട താല്‍പര്യം കൊണ്ടാണ് അവര്‍ക്കുണ്ടായത്. ബിജെപി വോട്ടുകള്‍ നല്ലരീതിയില്‍ ഈ കച്ചവടത്തിലൂടെ യുഡിഎഫിന് വാങ്ങാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി അടിവച്ച്‌ മുന്നേറുന്നു എന്നാണ് അവര്‍ അവകാശപ്പെടുന്നത്. അതിനായി നല്ല ശ്രമവും നടത്തുകയുണ്ടായി. അഖിലേന്ത്യാ നേതാക്കള്‍ സംസ്ഥാനത്തെത്തി പ്രവര്‍ത്തനം നടത്തുകയും ധാരാളം പണവും ചിലവഴിച്ചു. എന്നിട്ടും ഫലം വന്നപ്പോള്‍ 140ല്‍ 90 മണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് വോട്ട് കുറഞ്ഞു. 2016ലെ അനുസരിച്ച്‌ വോട്ട് വര്‍ദ്ധന ഏത് പാര്‍ട്ടിക്കും ലഭിക്കേണ്ടതാണ്. എന്നാല്‍ ഇത്ര പ്രവര്‍ത്തനം നടത്തിയിട്ടും ശക്തി പ്രാപിച്ചെന്ന് പറഞ്ഞവര്‍‌ക്ക് അത് യാഥാ‌ര്‍ത്ഥ്യത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് തിരുവനന്തപുരത്ത് നടന്ന മീ‌റ്റ് ദി പ്രസില്‍ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പുറമേ കാണുന്നതിലും വലിയ വോട്ട് കച്ചവടം നടന്നു. ചിലയിടത്തെങ്കിലും ബിജെപിയെ ജനം കൈവെടിഞ്ഞു എന്ന സൂചന ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വോട്ട് കുറഞ്ഞ മണ്ഡലങ്ങള്‍ സംസ്ഥാനമാകെ ഉണ്ട്. വിവിധ ജില്ലകളില്‍ വ്യാപകമായ കുറവുണ്ടായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 2016ലെ തിരഞ്ഞെടുപ്പില്‍ 30 ലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ച ബിജെപിയ്‌ക്ക് ഈ തിരഞ്ഞെടുപ്പില്‍ നാലര ലക്ഷത്തോളം വോട്ടുകള്‍ കുറഞ്ഞു.

കുണ്ടറയിലും പെരുമ്ബാവൂരിലും വോട്ട് കച്ചവടം നടന്നു. തൃപ്പൂണിത്തുറയില്‍ 900 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ജയിച്ചത്. ഇവിടെ 6037 വോട്ടിന്റെ കുറവ് ബിജെപിയില്‍ നിന്നുണ്ടായി. വോട്ടുകച്ചവടം കാരണമാണ് ചിലയിടത്ത് യുഡിഎഫ് ജയിച്ചതെന്നും ചിലയിടത്ത് എല്‍‌ഡിഎഫ് തോ‌റ്റതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാലക്കുടി, കോവളം, പാലാ, കടുത്തുരുത്തി മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിച്ചതിന് കാരണം ബിജെപിയുമായുള‌ള വോട്ട് കച്ചവടമാണ്. വാമനപുരത്ത് 8000ലധികം വോട്ടുകളാണ് ബിജെപിക്ക് മറിഞ്ഞത്. വോട്ട് കച്ചവടം നടന്നില്ലായിരുന്നെങ്കില്‍ യുഡിഎഫിന്റെ പതനം കൂടിയേനെയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.