തിരുവനന്തപുരം : കെഎസ്ആര്‍ടിസി സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളില്‍ ദിവസേനയുള്ള ഹാജര്‍ പകുതിയാക്കി കുറച്ചതും പൊതു പരിപാടികള്‍ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. തിങ്കല്‍ മുതല്‍ വെള്ളി വരെ ഏപ്രില്‍ 26 തിങ്കളാഴ്ച ഓപ്പറേറ്റ് ചെയ്ത സര്‍വ്വീസുകളുടെ 50% മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂ.
യാത്രാക്കാരുടെ എണ്ണത്തിന് അനുസരിച്ച് 50% സര്‍വ്വീസ് എന്നത് 60 മുതല്‍ 70% വരെ സര്‍വ്വീസ് നടത്തും. എന്നാല്‍ 70 %ത്തിന് മുകളില്‍ സര്‍വ്വീസ് നടത്തുന്നതിന് ചീഫ് ഓഫീസിന്റെ അനുമതി വേണം.ആകെയുള്ള ഓപ്പറേറ്റിംഗ് വിഭാഗത്തിലെ ജീവനക്കാരെ കൃത്യമായി റോട്ടോഷന്‍ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കും.ആവശ്യമെങ്കില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ യാത്രാക്കാര്‍ കൂടുതല്‍ ഇല്ലാത്ത സമയം സര്‍വ്വീസുകള്‍ പുനക്രമീകരിക്കാം.
മിനിസ്റ്റീരിയല്‍ / സ്റ്റോര്‍ വിഭാഗം ജീവനക്കാര്‍ പ്രതിദിനം 50% ഹാജരാകണം. യൂണിറ്റുകളിലെ ജോലിയുടെ പ്രധാന്യം അനുസരിച്ച് റൊട്ടേഷന്‍ വ്യവസ്ഥയില്‍ ജീവനക്കാരെ ഉപയോഗിച്ച് ഓഫീസ് പ്രവര്‍ത്തനം സുഗമമാക്കും.
മെക്കാനിക്കല്‍ വിഭാഗത്തില്‍ പ്രതിദിനം 50% ജീവനക്കാര്‍ ഹാജരാകത്തക്ക രീതിയില്‍ ഗ്യാരേജ് മേധാവിമാര്‍ എല്ലാ ഷിഫ്റ്റിലും ഗ്യാരേജിന്റെ പ്രവര്‍ത്തനം മുടങ്ങാതെ ഡ്യൂട്ടിക്ക് നിയോഗിക്കണം. മെയ് 1 ന് കെഎസ്ആര്‍ടിസിയുടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അവധിയായിരിക്കും, അന്നേ ദിവസം ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്ക് മാറ്റൊരു ദിവസം കോമ്പന്‍സേറ്ററി അവധി അനുവദിക്കും.
2021-04-28