വാക്‌സിന്‍ ചലഞ്ച് : 50000 രൂപ സംഭാവന നല്‍കി ജോസ് കെ മാണി

കോട്ടയം: വാക്‌സിന്‍ ചലഞ്ചില്‍ സര്‍ക്കാരിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ.മാണി. മകളുടെ വിവാഹച്ചടങ്ങുകള്‍ക്കായി മാറ്റിവെച്ച തുകയില്‍ നിന്ന് 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും എല്ലാ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും, പൊതുജനങ്ങളും തങ്ങളാല്‍ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.മഹാപ്രളയ കാലത്ത് സ്വന്തം ജീവിത മാര്‍ഗമായിരുന്ന ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ആളാണ് കൊല്ലം സ്വദേശിനി സുബൈദ. ഇപ്പോഴിതാ, വീണ്ടും ഒരിക്കല്‍ കൂടി ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് സുബൈദ. സംസ്ഥാനത്തെ വാക്‌സിന്ക്ഷാമം സംബന്ധിച്ച വാര്‍ത്ത കേള്‍ക്കാനിടയായതാണ് തുക നല്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് സുബൈദ പറയുന്നു.

സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നുവെന്ന് ഇന്നലെത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില് വാക്‌സിന്‍ വാങ്ങുന്നതിനായി ജനങ്ങള്‍ നല്കുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആര്‍എഫില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. വാക്‌സിനേഷന്‍ ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയില്‍ നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം.രോഗം പടരുന്നതിന്റെ വേഗവും രീതിയും മാറിയിട്ടുണ്ട് എന്നതും ഓര്‍മ വേണം. അതിനനുസരിച്ച് സൗകര്യങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍ ഓരോരുത്തരും എന്നു കാണണം. ഇക്കാര്യം മാധ്യമങ്ങളോടും കൂടി പറയുകയാണ്. സമൂഹത്തെ അപകടത്തില്‍ നിന്ന് രക്ഷിക്കുകയാണ് എല്ലാവരുടെയും കടമയെന്നും മുഖ്യമന്ത്രി പറഞ്ഞു.