തടവുകാരെ വാക്‌സിനേഷന് വിധേയരാക്കണമെന്ന നിര്‍ദ്ദേശം പാലിക്കാതെ ജയില്‍ അധികൃതര്‍

തൃശൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ 45 വയസ്സിനു മുകളിലുള്ള തടവുകാരില്‍ കോവിഡ് വാക്‌സിനേഷനെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍്കിയിട്ടും കോവിഡ് വാക്‌സിനേഷനു വിധേയരായവര്‍ 20% മാത്രം.അതതു ജയില്‍ അധികൃതര്‍ തുടരുന്ന അലംഭാവമാണ് ഇതിനു കാരണമെന്നു വിമര്‍ശിച്ച് സൂപ്രണ്ടുമാര്‍ക്കു ഡിജിപി ഋഷിരാജ് സിങ് കത്തയച്ചു. 45 വയസ്സു കഴിഞ്ഞവര്‍ക്കു മേയ് 31ന് അകവും മറ്റുള്ളവര്‍ക്കു ജൂണ്‍ 15ന് അകവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ അന്തിമ നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ ജയിലുകളിലെ ആകെ ജനസംഖ്യയായ അയ്യായിരത്തിലേറെ തടവുകാര്‍ക്കു മേയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ നടപടി എടുക്കുകയും ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരെയും കലക്ടര്‍മാരെയും ബന്ധപ്പെട്ടു വാക്‌സിനേഷന്‍ ഏകോപിപ്പിക്കേണ്ട ചുമതല അതതു സൂപ്രണ്ടുമാരെയും ഏല്‍പ്പിച്ചു. എന്നാല്‍, എന്നാല്‍, പല ജയിലുകളും ജില്ലാ ഭരണകൂടത്തിനു കത്തു നല്‍കിയതല്ലാതെ തുടര്‍ നടപടി സ്വീകരിച്ചില്ലെന്നു ഡിജിപി കണ്ടെത്തി.ജൂണ്‍ 15ന് അകം മുഴുവന്‍ തടവുകാര്‍ക്കും വാക്‌സീന്‍ എടുക്കണമെന്നു മാത്രമല്ല, ടെസ്റ്റിങ്, പോസിറ്റിവിറ്റി നിരക്ക്, കോവിഡ് റജിസ്‌ട്രേഷന്‍ സ്റ്റാറ്റസ് എന്നിവ ജയില്‍ വകുപ്പ് ആസ്ഥാനത്തു കൃത്യമായി അറിയിച്ചുകൊണ്ടിരിക്കാനും ഡിജിപി നിര്‍ദേശം നല്‍കി