തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ വൈറലായി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. 2014 ല്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ഫേസ്ബുക്കിലിട്ട ഒരു കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം അവരുടെ വകുപ്പ് തലവന്‍ നല്കണം എന്ന ഉത്തരവ് പൊതുസമൂഹത്തെ അറിയിച്ചുകൊണ്ടുള്ളതായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ കുറിപ്പ്.
അന്നത്തെ ആ കുറിപ്പിനെക്കുറിച്ചും വിസ്മയയുടെ മരണത്തെ കുറിച്ചുമുള്ള ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ പ്രതികരണം ഇങ്ങനെ,
” 2014 ല്‍ അങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റ് കൊടുത്തിരുന്നു. 1961 ലെ ഗവണ്‍മെന്റ് സര്‍വെന്റ്‌സ് കോണ്‍ടാക്റ്റ് റൂളിലാണ് അതിന് നിയമപരമായ പ്രാബല്യമുളളത്. 1976 ലെ അമന്‍മെന്‍ഡിലുടെ സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാക്കിയതിന് കൂടുതല്‍ വ്യക്തത കൈവന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന ഉത്തരവുണ്ടായിട്ടും അത് നടപ്പിലായോ എന്നത് പൊതുവില്‍ പരിശോധിക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യം മാത്രമല്ല പൊതുസമൂഹത്തിലും സ്ത്രീധനത്തിനെതിരെ കര്‍ശനമായ നടപടികളുണ്ടാകണം. വിസ്മയ സംഭവം എല്ലാവരുടെയും മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. സ്ത്രീധനം തെറ്റാണ്, എന്നിട്ടും വലിയ തോതില്‍ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചിട്ട്, അത് പോര എന്ന നിലയില്‍ ഭാര്യയെ ആക്രമിക്കുകയും മരണം സംഭവിക്കുകയും ചെയ്ത സംഭവം അതീവ ഗുരുതരം തന്നെയാണ്. 2014 ലെ സത്യവാങ്ങ്മൂലംനിയമത്തിന്റെ ഭാഗമായുളളതാണ് . എന്നിട്ടും അതില്‍ വീഴ്ച വന്നത് പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. 76 ലെ നിയമവും 2014 ലെ സത്യവാങ്മൂലവും ശക്തമായി നടപ്പാക്കണമെന്ന് പിണറായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു ”

