കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലത്തില്‍ കനത്ത തിരിച്ചടിയേറ്റിട്ടും അത് ചര്‍ച്ച ചെയ്യാത്തതില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ഉന്നതാധികാരസമിതിയിലുള്ള ഭൂരിഭാഗംപേരും ചേര്‍ന്ന് സീറ്റ് വീതംവെച്ചെടുക്കുന്ന സമീപനം ലീഗിന്റെ സംഘടനാസംവിധാനത്തെ ബാധിച്ചുവെന്നും മുന്‍ എം. എല്‍.എ.മാരായ പി.കെ. അബ്ദുറബ്ബും കെ.എം. ഷാജിയും വിമര്‍ശിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമുള്‍പ്പെടെയുള്ള നേതാക്കളെ വിദ്യാര്‍ഥി സംഘനയായ എം.എസ്.എഫും വിമര്‍ശിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തകസമിതി യോഗം വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നീണ്ടു പോകുകയാണെന്നും ഈ നേതാക്കള്‍ പറയുന്നു. കൊല്ലം ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളിലും വന്‍ തിരിച്ചടി നേരിട്ടു. സമസ്തയുടെ ഒരുവിഭാഗം തിരഞ്ഞെടുപ്പില്‍ ലീഗിനെ പിന്തുണച്ചില്ല. ഹാഗിയ സോഫിയ വിഷയത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ എഴുതിയ ലേഖനം ക്രിസ്ത്യന്‍ സമുദായത്തെ അകറ്റിയപ്പോള്‍ മുറിവുണക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഈ നേതാക്കള്‍ കുറ്റപ്പെടുത്തി.

