എംഡി മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്ത സംഭവം : കോടതി വഴി നിയമനടപടിയിലേക്ക് കടക്കാന്‍ ട്വിറ്റര്‍ നീക്കം

കോണ്‍ഗ്രസിന്റെ ടൂള്‍കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്ററിന്റെ ഇന്ത്യന്‍ എംഡി മനീഷ് മഹേശ്വരിയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. ഡല്‍ഹിയിലെയും ഗൂരുഗ്രാമിലെയും ട്വിറ്ററിന്റെ ഓഫീസുകളിലെത്തി പോലീസ് നോട്ടീസ് നല്കിയതിന് പിന്നാലെയാണ് മെയ് 31ന് മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്തത്.എന്നാല്‍, സാമൂഹിക മാധ്യമമെന്ന നിയമപരിരക്ഷ നഷ്ടമായതില്‍ കോടതി വഴി നിയമനടപടിയിലേക്ക് കടക്കാനാണ് ട്വിറ്റര്‍ നീക്കം.

ഇന്ത്യയുടേയും പ്രധാനമന്ത്രിയുടേയും പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചുവെന്നും ഇതിനായി ടൂള്‍ കിറ്റ് തയ്യാറാക്കിയെന്നുമായിരുന്നു ബിജെപി ആരോപണം. ട്വിറ്ററില്‍ ടൂള്‍ കിറ്റ് പുറത്തുവിട്ടായിരുന്നു വക്താവ് സംപീത് പാത്ര ഉള്‍പ്പെടെയുള്ളവര്‍ ആരോപണമുന്നയിച്ചത്. എന്നാല്‍ ട്വീറ്റുകളിലെ ടൂള്‍ കിറ്റ് കൃത്രിമമാണെന്ന് ട്വിറ്റര്‍ ലേബല്‍ ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്തത്.