ട്രംപിന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച ആന്റിബോഡി മിശ്രിതം ഇന്ത്യയിലെത്തിച്ചു

മുംബൈ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച ആന്റിബോഡി മിശ്രിതം ഇന്ത്യയിലെത്തിച്ചു. കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ രണ്ട് ആന്റിബോഡികള്‍ ചേര്‍ത്തുണ്ടാക്കിയ ഈ മിശ്രിതം മുംബെയിലെ അഞ്ച് രോഗികള്‍ക്ക് നല്‍കി. സ്വിസ് മരുന്ന് കമ്പനിയായ റോച്ചെ വികസിപ്പിച്ചെടുത്ത ഈ മരുന്നിന്റെ ഒരു ഡോസിന് 60,000 രൂപയാണ് വില. സിപ്ലയാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. മനുഷ്യകോശങ്ങളിലേക്ക് കൊറോണ വൈറസിന്റെ പ്രവേശനം തടയുന്നതിനാണ് ഈ മരുന്ന് ഉപയാഗിക്കുന്നത്.ഉയര്‍ന്ന അപകട സാധ്യതയുള്ളവരുടെ രോഗം മൂര്‍ച്ഛിക്കുന്നത് തടയാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നതെന്ന് ലീലാവതി ആശുപത്രിയിലെ ഡോ. വസന്ത് നഗ്വേകര്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,65,553 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചായ മൂന്നാം ദിവസമാണ് രണ്ടു ലക്ഷത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ ആകെ 2.78 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.21,14,508 സജീവ രോഗികളാണുള്ളത്. ഒറ്റ ദിവസം 3460 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,25,972 ആയി. 2,76,309 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തര്‍ 2,54,54,320 ആയി.