ടൗട്ടേ : രണ്ട് ബാര്‍ജുകള്‍ കടലില്‍ മുങ്ങി, 97 ഓളം പേരെ കാണാതായി

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്രമായതോടെ മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ കടല്‍ത്തിരകളില്‍പ്പെട്ട് മുങ്ങി. രണ്ട് ബാര്‍ജുകളിലുമായി നാനൂറിലധികം ജീവനക്കാരാണുണ്ടായിരുന്നത്. ഇതില്‍ 97 ഓളം പേരെ കാണാതായിട്ടുണ്ട്. ബാക്കിയുള്ളവരെ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ഒഎന്‍ജിസിയും ചേര്‍ന്ന് സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ കരയ്‌ക്കെത്തിച്ചുവെന്ന് കമഡോര്‍ എംകെ ഝാ അറിയിച്ചു. സാഹചര്യം പ്രതികൂലമാണെന്ന് കണ്ടയുടനെ തന്നെ തൊഴിലാളികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തങ്ങളോട് ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേക്ക് ചാടാന്‍ നിര്‍ദേശിച്ചതായി അപകടത്തില് നിന്ന് രക്ഷപ്പെട്ട സതീഷ് നര്വാദ് പറഞ്ഞു. തക്കസമയത്ത് തന്നെ സഹായമെത്തിയതില്‍ തന്നെപ്പോലെ ഒരുപാട് പേര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതായും സതീഷ് കൂട്ടിച്ചേര്‍ത്തു. കോസ്റ്റ് ഗാര്‍ഡിന്റെയും ഒഎന്‍ജിസിയുടേയും സഹായത്തോടെ രാത്രിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ത്തലച്ചെത്തിയ തിരമാലകളും വേഗതയേറിയ കാറ്റും പേമാരിയും രക്ഷാപ്രവര്‍ത്തകരെ തെല്ലൊന്നുമല്ല വലച്ചത്.