ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ലോകസഞ്ചാരിയും മാധ്യമപ്രവര്‍ത്തകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് പശ്ചാത്തലം കാരണം തകിടം മറിഞ്ഞ ടൂറിസം മേഖലയെ ഉണര്‍ത്താന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഇരുവരും ചര്‍ച്ച ചെയ്തു. ഭാവി എന്തെന്ന ചോദ്യചിഹ്നമായി മാറിയ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്തണം. സന്തോഷ് ജോര്‍ജ് കുളങ്ങര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ എങ്ങും ചര്‍ച്ചയാവുകയാണ്.
താന്‍ ഓരോ രാജ്യവും സന്ദര്‍ശിക്കുന്നത് തുറന്ന മനസ്സോടു കൂടിയാണെന്നും അവിടെ നിന്ന് പഠിക്കാനുള്ള കാര്യങ്ങളില്‍ ലക്ഷ്യം വെച്ചായിരിക്കും ഓരോ യാത്രയും. വിമര്‍ശിക്കാനല്ല, പഠിക്കാനാണ് താന്‍ സമയം ചിലവിടുന്നതെന്നും കേരള സമൂഹത്തിലേക്കും അത്തരം അറിവുകള്‍ പങ്കുവെക്കാനും കൂടി വേണ്ടിയാണെന്നും കേരളത്തിന്റെ വിനോദസഞ്ചാര മേഖല പൈതൃക വ്യവസായമാണെന്നും തന്റെ അനുഭവങ്ങളും മറ്റും വിനോദ സഞ്ചാര മേഖലയ്ക്ക് ഉതകുമെന്ന പ്രതീക്ഷ പങ്കിട്ട സന്തോഷ് ജോര്‍ജ് അവയെല്ലാം പൂര്‍ണമായും ഒരു പരിഹാരം എന്ന നിലയില്‍ കാണുന്നുമില്ലെന്ന് പറഞ്ഞു.
കോവിഡ് ഭീതിക്ക് ശേഷം സഞ്ചാരികളായ അവരുടെ യാത്രാ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു. പായ്ക്കപ്പലില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയവരുടെ പിന്‍മുറക്കാരാണ് അവര്‍. കോവിഡ് മാറിയാല്‍ ഇവരുടെ ഒരു കുത്തൊഴുക്ക് പ്രതീക്ഷിക്കാമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.
പാശ്ചാത്യരാജ്യങ്ങളിലെ വ്യക്തികളുടെ സാമ്പത്തിക സ്രോതസ്സ് അടഞ്ഞു പോയിട്ടില്ല.
കയ്യില്‍ പണം ഉണ്ട് എന്നാല്‍ യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലൂടെയാണ് അവര്‍ മുന്നോട്ടു പോകുന്നത്. യാത്ര ചെയ്തു തുടങ്ങുമ്പോള്‍ അതില്‍ എത്ര ശതമാനം പേരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന കാര്യമാണ് ഇനി അന്വേഷിക്കേണ്ടത്. അത്തരം സാധ്യതകളെ കരുതി വേണം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെടുന്നു.

