പിണറായിയുടെ ഭരണത്തില്‍ ജയിലുകള്‍ റിസോര്‍ട്ടായെന്ന് തിരുവഞ്ചൂര്‍

thiruvanchoor

തിരുവനന്തപുരം: പിണറായി ഭരണത്തില്‍ ജയിലുകള്‍ റിസോര്‍ട്ടായി മാറിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഭീഷണിക്കത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ചെയ്യേണ്ട ജോലി വെടിപ്പായിട്ട് ചെയ്തയാളാണ് താനെന്നും അതിനാലാണ് ഒരു ഭീഷണിക്കത്ത് ഇപ്പോള്‍ തനിക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. ടിപി കേസില്‍ ഒരാളാണ് തനിക്ക് ഈ കത്തെഴുതിയതെന്നും പുറത്തുപറയാന്‍ കൊളളാത്ത അശ്ലീല വാക്കുകളാണ് കത്തിലുളളത്. അതില്‍ ചിലതൊക്കെ മലബാറുകാര്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണെന്നും ഒരു അഡ്ജസ്റ്റുമെന്റുകള്‍ക്കും വഴങ്ങികൊടുക്കാതെയാണ് ടി പി കേസ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂരിന്റെ വാക്കുകള്‍

നീ സി പി എമ്മുകാരുമായി ചേര്‍ന്ന് എന്നെ ജയിലിലാക്കിയെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. സി പി എമ്മുമായി വിരോധമുളളയാള്‍ എന്നുവരുത്തി തീര്‍ത്ത് കണ്ണില്‍ പൊടിയിടാനുളള ശ്രമമാണ് അത്. സി പി എമ്മുകാര്‍ ഇതിനുപിന്നിലുണ്ടോയെന്നത് എന്റെ വിഷയമല്ല. പക്ഷേ അവരുടെ അറിവോടെയാണോ ഈ കത്തെന്ന് അവര്‍ തന്നെ വ്യക്തമാക്കണം. യാതൊരു വിധത്തിലുള്ള ഭയവും എനിക്കില്ല. എന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുക എന്നല്ലാതെ ഒരു അത്ഭുതവും ഞാന്‍ ചെയ്തിട്ടില്ല. അത് ചെയ്തില്ലെങ്കില്‍ ഞാന്‍ കാലഘട്ടത്തോട് ചെയ്യുന്ന പാപമായിരിക്കും.
പിണറായി ഭരണത്തില്‍ ജയിലുകള്‍ റിസോര്‍ട്ടുകളായി മാറിയിരിക്കുകയാണ്. പാര്‍ട്ടിക്കാരായ പ്രതികള്‍ ജയിലുകളില്‍ സുഖജീവിതമാണ് നയിക്കുന്നത്. ഞാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് സംസ്ഥാത്തെ ജയിലുകളിലെല്ലാം വ്യാപകമായ റെയ്ഡ് നടത്തി മൊബൈല്‍ സിം അടക്കം സി.പി.മ്മുകാരായ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അതിനുശേഷമാണ് പല പ്രതികളേയും വ്യത്യസ്ത ജയിലുകളില്‍ മാറ്റിപാര്‍പ്പിക്കുന്നത്. അന്ന് അതില്‍ സത്യാഗ്രഹമിരുന്ന ആളാണ് പി.ജയരാജന്‍.സംസ്ഥാനത്തിന്റെ ക്രമസമാധാനനില ആകെ താറുമാറായിരിക്കുകയാണ്. സ്ത്രീകള്‍ക്ക് നേരയെുളള അതിക്രമങ്ങളും വര്‍ദ്ധിക്കുന്നു.