ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി ഏറ്റെടുക്കുമെന്ന് സൂചന

തിരുവനന്തപുരം: ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള ഉഭയകക്ഷി ചര്‍ച്ച അവസാന ഘട്ടത്തില്‍. ഈ വകുപ്പും മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ റവന്യു മന്ത്രിയുടെ അധികാരങ്ങള്‍ ദുര്‍ബലമാകും. എന്നാല്‍, ദുരന്ത നിവരണ വകുപ്പ് വിട്ടുകൊടുക്കാന്‍ സി പി ഐ തയ്യാറാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ഈ വകുപ്പ് കൂടി മുഖ്യമന്ത്രി ഏറ്റെടുത്താല്‍ ജില്ലാ ഭരണകൂടങ്ങളുടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടാന്‍ അവസരമൊരുങ്ങും. ഒന്നാം മന്ത്രിസഭയെക്കാള്‍ കൂടുതല്‍ വകുപ്പുകള്‍ ഏറ്റെടുത്ത് രണ്ടാമൂഴത്തില്‍ കൂടുതല്‍ പിടിമുറുക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. 2005ലാണ് കേന്ദ്ര നിയമത്തിന്റെ ചുവട് പിടിച്ച് ദുരന്ത നിവാരണ വകുപ്പ് സംസ്ഥാനത്ത് നിലവില്‍ വന്നത്.ഓഖി ചുഴലിക്കാറ്റിനും, 2018ലെയും 2019ലെയും പ്രളയങ്ങള്‍ക്കും ശേഷം ദുരന്ത നിവാരണ വകുപ്പിന്റെ പ്രാധാന്യം കൂടുകയായിരുന്നു.