ടോക്യോ ഒളിമ്പിക്‌സ് : സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് പി ടി ഉഷ

ഒരു വര്‍ഷത്തെ കാലതാമസത്തിന് ശേഷം ടോക്കിയോ ഒളിമ്പിക്‌സ് ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടത്താന്‍ പോകുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഒളിമ്പിക്‌സ് മാറ്റി വച്ചത്. പാരാലിമ്പിക്‌സ് 2021 ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 5 വരെ സംഘടിപ്പിക്കപ്പെടും. ഒരു വര്‍ഷത്തിന് ശേഷമാണ് നടക്കുന്നതെങ്കിലും ടോക്കിയോ 2020 എന്ന് തന്നെയാണ് ഈ ഒളിമ്പിക്‌സ് അറിയപ്പെടുക.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന മത്സരങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്കും, പരിശീലകര്‍ക്കും, സപ്പോര്‍ട്ട് സ്റ്റാഫിനും, മെഡിക്കല്‍ സംഘത്തിനും എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കായികതാരം പി. ടി. ഉഷ. മാത്രമല്ല. വാക്‌സിനേഷനില്‍ നിന്ന് സ്‌പോര്‍ട്‌സ് താരങ്ങളെ അവഗണിക്കരുതെന്നും പിടി ഉഷ ആവശ്യപ്പെട്ടു.

1984-ല്‍ പത്മശ്രീ ബഹുമതിയും അര്‍ജുന അവാര്‍ഡും കരസ്ഥമാക്കിയ ഉഷ 2000ലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചത്. ഇപ്പോള്‍ വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സും ഉഷ നടത്തുന്നുണ്ട്.