കോവിഡ് വാക്‌സിന്‍ സൗജന്യമായി കേന്ദ്രം നല്‍കണം : പ്രമേയം പാസാക്കി കേരളനിയമസഭ

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ സൗജന്യമായി കേന്ദ്രം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം ഏകകണ്ഠമായി പാസാക്കി. പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്‌സിന്‍ നിര്‍മ്മിക്കണമെന്നും ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന് അനുമതി നല്‍കിയ കമ്പനികളുടെയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യു കെ എം എച്ച് ആര്‍ എ, ജപ്പാന്‍ പി എം ഡി എ എന്നിവയുടെ അനുമതിയുള്ള വാക്‌സിന്‍ കമ്പനികള്‍ക്കും ഇളവ് നല്‍കാമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. പിന്നാലെ സഭയില്‍ ബഹളമുണ്ടായി.ആരോഗ്യ മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടും ആരോഗ്യ മന്ത്രിക്ക് പുല്ലു വിലയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ജനസംഖ്യ അനുപാതത്തില്‍ അല്ല വാക്‌സിന്‍ വിതരണമെന്ന് ആരോപിച്ച മുനീര്‍ കേന്ദ്രത്തിന് എതിരായി ആരോഗ്യ മന്ത്രി കൊണ്ട് വരുന്ന പ്രമേയം നൂറു ശതമാനം സത്യസന്ധമാണെന്ന് പറഞ്ഞ് കൊണ്ട് പിന്തുണച്ചു. രാജ്യം കത്തുമ്പോള്‍ പ്രധാനമന്ത്രി വീണ വായിക്കുന്നുവെന്നും മുനീര്‍ കുറ്റപ്പെടുത്തി.വാക്‌സിന്‍ വിതരണം ശാസ്ത്രീയമായാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി.