നിമിഷഫാത്തിമയേയും മകനേയും നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി: നിമിഷ ഫാത്തിമയെയും മകനെയും നാട്ടിലെത്തിയ്ക്കണമെന്നാവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിമിഷയടക്കം നാലുപേരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ച് അയക്കാന്‍ അഫ്ഗാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു വ്യക്തമാക്കി.തുടര്‍ന്നാണ് മകളെ നാട്ടിലെത്തിയ്ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. നാട്ടിലെത്തിക്കഴിഞ്ഞാലും നിയമാനുസൃതമായ വിചാരണയും ശിക്ഷയും നേരിടുന്നതില്‍ എതിര്‍പ്പില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സോണിയ, മെറിന്‍, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാന്‍ ജയിലിലുള്ളത്.അമേരിക്കന്‍ വ്യോമസേന നടത്തിയ മിസൈലാക്രമണത്തിലാണ് ഈ നാല് പേരുടേയും ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടത്. തിരുവനന്തപുരം മണക്കാട് സ്വദേശിയായ ബിന്ദുവിന്റെ മകളായ നിമിഷ മെഡിക്കല്‍ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ബക്‌സണ്‍ എന്ന പേരുള്ള ഇസയെന്നയാളെ 2015ല്‍ വിവാഹം കഴിച്ച് ഇസ്ലാം മതത്തില്‍ ചേര്‍ന്ന് നിമിഷാ ഫാത്തിമയെന്ന പേര് സ്വീകരിയ്ക്കുകയായിരുന്നു. വിവാഹത്തിന് രണ്ടു വര്‍ഷം മുമ്പ് പ്രണയകാലത്ത് 2013 സെപ്തംബറില്‍ തിരുവനന്തപുരത്തെ സലഫി മസ്ജിദില്‍ വെച്ചാണ് നിമിഷ പുതിയ പേര് സ്വീകരിച്ചത്.