ബോക്‌സറാകാന്‍ മോഹന്‍ലാല്‍

കൊച്ചി : മരയ്ക്കാറിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. ബോക്‌സിങ് പ്രമേയമാക്കിയൊരുങ്ങുന്ന സിനിമയ്ക്കായി മോഹന്‍ലാല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ അദ്ദേഹം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ വര്‍ക്ക് ഔട്ട് ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഡ്രാമ താന്‍ മോഹന്‍ലാലിനോടൊപ്പം പദ്ധതിയിട്ടതായി അടുത്തിടെ മാധ്യമങ്ങളോട് പ്രിയദര്‍ശന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് മോഹന്‍ലാലിന്റെ ബോക്‌സിങ് പരിശീലകനായി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥിനെ നിയമിച്ചിട്ടുമുണ്ട്.അതോടൊപ്പം ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയായിരിക്കും ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുക എന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.