ശ്രീനഗര്‍: സംസ്ഥാന പദവി പുനഃസ്ഥാപിക്കലും മറ്റ് പ്രധാനപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനൊരുങ്ങി ജമ്മു കശ്മീരില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019ല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ആദ്യ നീക്കമാണിത്. 2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.
വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്ഹ, ഉന്നത സുരക്ഷാ, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരിന് പ്രത്യേക പദവി വീണ്ടും ലഭിക്കുന്നതു ലക്ഷ്യമിട്ടുണ്ടാക്കിയ ഏഴ് പാര്‍ട്ടികളുടെ ‘ഗുപ്കര്‍ സഖ്യം’ ചര്‍ച്ചകള്‍ക്കു തയാറാണെന്നു നേരത്തേ അറിയിച്ചിരുന്നു.

