തിരുവനന്തപുരം : വോട്ടെണ്ണല്‍ ദിനം കോവിഡ് സ്ഥിതി എന്താകുമെന്ന് വിശകലനം ചെയ്ത് ഐക്യരാഷ്ട്രസഭയുടെ ദുരന്തലഘൂകരണ വിഭാഗം അധ്യക്ഷനായ മുരളി തുമ്മാരുകുടി. ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം…
മെയ് രണ്ടിന് എന്ത് സംഭവിക്കും?
തിരഞ്ഞെടുപ്പ് കഴിഞ്ഞു, വോട്ടെല്ലാം പെട്ടിയില്‍ ആയി. അത് സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ താഴിട്ടു പൂട്ടി പോലീസ് കാവലുമുണ്ട്. ഇനി എന്താണ് സംഭവിക്കുന്നതെന്ന് പലരും പ്രവചിക്കുന്നുണ്ട്, പ്രവചനം എന്ത് തന്നെയാണെങ്കിലും അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. റിസള്‍ട്ട് എന്താണെങ്കിലും മെയ് രണ്ടിന് അത് വരും.
താഴിട്ട് പൂട്ടാതെ, പോലീസ് കാവല്‍ ഇല്ലാതെ ഒന്നുണ്ട്. അത് കോവിഡ്19 ഉണ്ടാക്കുന്ന വൈറസ് ആണ്. അത് നാട്ടിലൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. കാണുന്നിടത്തോളം അത് വളരുകയാണ്. മെയ് രണ്ടാവുന്‌പോഴേക്കും കോവിഡ്19 രോഗത്തിന് എന്ത് സംഭവിക്കും?
കോവിഡ് തുടങ്ങിയതില്‍ പിന്നെ പ്രതിദിന രോഗികളുടേയും പ്രതിദിന മരണങ്ങളുടേയും ഏഴു ദിവസത്തെ ആവറേജ് ആണ് ചിത്രങ്ങളില്‍ കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ തുടങ്ങിയതില്‍ പിന്നെ എത്ര വേഗത്തിലാണ് പ്രതിദിന കേസുകള്‍ വളരുന്നതെന്ന് നമുക്ക് കാണാം. ഇപ്പോഴത്തെ 25000 വലിയ താമസമില്ലാതെ 50000 ആകുമെന്നൊക്കെ ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും, അത് മെയ് മാസം രണ്ടിന് മുന്‍പ് എത്തുമോ ശേഷം എത്തുമോ എന്നതേ സംശയിക്കാനുള്ളൂ.
കേസുകള്‍ വളരുമ്പോള്‍ മരണങ്ങളും കൂടുന്നത് സ്വാഭാവികമാണ്. ഇന്നിപ്പോള്‍ മരണം 32 ആയി. സാധാരണഗതിയില്‍ കേസുകള്‍ കൂടി വരുന്നതും മരണങ്ങള്‍ കൂടി വരുന്നതും തമ്മില്‍ ഒരല്പം ടൈം ലാഗ് ഉണ്ട്. അത് വച്ച് നോക്കുന്‌പോള്‍ മെയ് രണ്ടാകുന്‌പോള്‍ മരണം പ്രതിദിനം 60 കടന്നേക്കും. ഈ നിലക്ക് പോയാല്‍ മെയ് മാസത്തില്‍ പ്രതിദിന മരണങ്ങള്‍ നൂറു കടക്കും.
പെട്ടിയിലിരിക്കുന്ന വോട്ട് പോലെ അല്ല പുറത്ത് ചുറ്റി നടക്കുന്ന വൈറസ്. ഇന്ന് മുതല്‍ മെയ് രണ്ടു വരെ നമ്മള്‍ എന്ത് തന്നെ ചെയ്താലും ചിന്തിച്ചാലും തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ മാറ്റം ഉണ്ടാകില്ല.
പക്ഷെ ഇന്ന് മുതല്‍ വ്യക്തിപരമായി, സമൂഹമായി നാം കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് തയ്യാറായാല്‍ മേല്പറഞ്ഞ നൂറുകണക്കിനുള്ള പ്രതിദിന മരണങ്ങള്‍ നമുക്ക് ഒഴിവാക്കാം.
അതിന് നാം തയ്യാറായില്ലെങ്കില്‍ ഇപ്പോള്‍ മുപ്പത്, നാല്പത് എന്നൊക്കെ പറഞ്ഞു അക്കങ്ങള്‍ ആയി നാം കാണുന്ന മരണങ്ങള്‍ സുഹൃത്ത്, ബന്ധു, കുടുംബാംഗം എന്ന തരത്തില്‍ വ്യക്തിപരമായി മാറും. അതിലൊരക്കം നിങ്ങളായേക്കാം, അത് കാണാനും കൂട്ടാനും നിങ്ങള്‍ ഉണ്ടാകില്ലെങ്കിലും.
ശ്രീദേവിയെ പൂട്ടിയിടുന്നതാണ് നല്ലത്. പക്ഷെ സണ്ണി അതിന് മുതിരുന്നില്ലെങ്കില്‍ ശ്രീദേവി സ്വയം മുറിക്കകത്ത് കയറി ഇരുന്നാലും മതി. വൈറസ് എപ്പോഴാണ് നിങ്ങളെ ‘ഒന്ന് ട്രൈ ചെയ്ത് നോക്കുന്നതെന്ന്’ ആര്‍ക്കും പറയാന്‍ പറ്റില്ല.
അപ്പൊ എല്ലാം പറഞ്ഞ പോലെ. സുരക്ഷിതരായിരിക്കുക.