തിരുവനന്തപുരം: മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തെ യാതൊരു വിധത്തിലും മറാഠ സംവരണകേസിലെ സുപ്രീംകോടതിവിധി ബാധിക്കുകയില്ലെന്ന് എന്‍എസ്എസ്. പ്രസ്തുത വിധിയെ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന അഭിപ്രായപ്രകടനങ്ങള്‍ മുന്നാക്കത്തിലെ പിന്നാക്കവിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ ഉള്ളതാണെന്നും എന്‍.എസ്.എസ് ആരോപിച്ചു. സംവരണം അമ്പത് ശതമാനത്തിന് മുകളില്‍ ഉയരുന്നത് അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ പാടുള്ളു എന്ന് ഇന്ദിരാ സാഹ്നി കേസില്‍ വിധിച്ചിരുന്നു.
ഇന്ദിര സാഹ്നി കേസിലെ 50 ശതമാനം പരിധി പുനപരിശോധിക്കണമെന്ന നിലപാടില്‍ എല്ലാ സംസ്ഥാനങ്ങളുടെയും വാദം കോടതി കേട്ടു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രവും ഈ നിലപാടിനെ അനുകൂലിച്ചു. പക്ഷെ, മറാത്ത സംവരണം നല്‍കാനുള്ള അസാധാരണ സാഹചര്യം ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ല. ഇതോടെ സംവരണ തീരുമാനം കോടതി റദ്ദാക്കി. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് പത്തു ശതമാനം സവര്‍ണ സംവരണം പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ന്നത്.
നിലവിലുള്ള 50 ശതമാനം സംവരണത്തെ മറികടന്ന് മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കിയതോടെ കേരളത്തില്‍ സംവരണ പരിധി നിലവില്‍ 60 ശതമാനമാണ്.
2021-05-06