എം.ശിവശങ്കറിനെ തിരിച്ചെടുക്കല്‍ : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം തേടി പൊതുഭരണവകുപ്പ്

m sivasanker

തിരുവനന്തപുരം : സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം തേടി പൊതുഭരണവകുപ്പ്. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയ്ക്ക് വിട്ടത്.

ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തലുകള്‍ ഗുരുതര കുറ്റകൃത്യമല്ലാത്തതിനാല്‍ സര്‍ക്കാരിനു വേണമെങ്കില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷമായിരിക്കും തുടര്‍നടപടി.
ക്രിമിനല്‍ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാരിനു സസ്‌പെന്‍ഡ് ചെയ്യാന്‍ നിയമമുണ്ട്.

അഴിമതിക്കേസ് അല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷമാണ്. അതിനുശേഷം സസ്‌പെന്‍ഷന്‍ കാലാവധി നീട്ടണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണം. ഇല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ സ്വമേധയാ പിന്‍വലിക്കപ്പെടും.