കൊച്ചി: ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്കോ കളക്ടര്‍ക്കോ നിയമപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയ നടപടി വിവേചനപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ച സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയ നടപടിയാണ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്.
ലക്ഷദ്വീപില്‍ ഒരു ശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. ഇത് സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്ക്ക് ഏഴ് ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നത് പുറത്തുനിന്നെത്തുന്നവര്‍ക്ക് ഭൂമി വാങ്ങിക്കൂട്ടാന്‍ അവസരമൊരുക്കുന്ന നടപടിയാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.

