തിരുവനന്തപുരം : കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ സ്ഥാനമേറ്റെടുത്ത ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തടിച്ചു കൂടിയതിന് കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് എടുത്തത്.
കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നിവര്‍ സ്ഥാനമേറ്റെടുത്ത ചടങ്ങിലാണ് സാക്ഷ്യം വഹിക്കാനായി പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പടെ വന്‍ജനാവലി ഇന്ദിരാഭവനിലെത്തിയത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍, കെ ബാബു, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവരും എത്തിയിരുന്നു. കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങെങ്കിലും പ്രവര്‍ത്തകരുടെ ആവേശം അടക്കാന്‍ നേതാക്കള്‍ പാടുപെട്ടു.

