കൊച്ചി തീരത്തിന് അടുത്ത് പുതിയ ദ്വീപ്, വാര്‍ത്തകളിലെ സത്യമെന്ത്

കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് കൊച്ചി തീരത്തിന് ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ പുതിയൊരു ദ്വീപ് രൂപപ്പെടുന്നുവെന്ന വാര്‍ത്തകളായിരുന്നു. പയറുമണിയുടെ ആകൃതിയിലുള്ള ഈ ദ്വീപിനെ കുറിച്ചുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അങ്ങനെയൊരു ദ്വീപുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കുകയാണ് പാലക്കാട് സ്വദേശിയും സാറ്റ്ഷുവറിലെ ജിയോസ്‌പേഷ്യല്‍ എന്‍ജിനീയറുമായ അര്‍ജുന്‍ ഗംഗാധരന്‍ (ആര്‍ക്ക് അര്‍ജുന്‍), വാഷിങ്ടന്‍ കേന്ദ്രമായ വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ പ്രോജക്ട് അസോഷ്യേറ്റ് രാജ് ഭഗത് എന്നിവര്‍ നടത്തിയ ഗവേഷണം. വലിയ ഗവേഷണമൊന്നുമില്ലാതെതന്നെ ഇത്തരമൊരു ദ്വീപില്ലെന്ന് വ്യക്തമാകാന്‍ അതിലേക്കൊന്ന് നന്നായി സൂം ചെയ്താല്‍ മതിയാകുമെന്ന് അര്‍ജുന്‍ പറയുന്നു.

മൂന്ന് കപ്പലുകള്‍ ദ്വീപെന്ന് വിശേഷിപ്പിക്കുന്ന സ്ഥലത്തുകൂടി കടന്നു പോകുന്നത് കാണാം. കരയില്‍നിന്ന് 7 കിലോമീറ്ററെന്നത് വലിയ ദൂരമല്ല. കോസ്റ്റ് ഗാര്‍ഡ്, നേവി എന്തിനേറെ മത്സ്യബന്ധന ബോട്ടുകളുടെ പോലും ഏറെ സാന്നിധ്യമുള്ള സ്ഥലത്ത് ഇത്തരമൊരു ദ്വീപ് ഇതുവരെയും ലൊക്കേറ്റ് ചെയ്യപ്പെട്ടിട്ടില്ല.

7 കിലോമീറ്ററിനു ശേഷവും കടലിന്റെ അടിത്തട്ട് സംബന്ധമായ ചിത്രം വരേണ്ടയിടത്ത് ഹൈ റെസല്യൂഷന്‍ ചിത്രമാണ് വന്നിരിക്കുന്നത്. ഇതൊരുപക്ഷേ ഗൂഗിളിന്റെ അല്‍ഗോരിതത്തില്‍ വന്ന പിഴവാകാമെന്ന് അര്‍ജുന്‍ ചൂണ്ടിക്കാട്ടുന്നു. പല ദിവസങ്ങളില്‍ ഈ ഭാഗം വഴി കടന്നുപോകുന്ന കപ്പലുകള്‍ ഉപഗ്രഹചിത്രത്തില്‍ പതിഞ്ഞിട്ടുണ്ടാകാം. പല ചിത്രങ്ങളും കണ്ട് ഈ ഭാഗത്ത് ഒരു ഒബ്ജക്റ്റ് ഉണ്ടെന്ന നിഗമനത്തില്‍ അതൊരു ദ്വീപാണെന്ന് ഗൂഗിളിന്റെ അല്‍ഗോരിതം കണക്കാക്കാനും ഇടയുണ്ട്.

കൊച്ചിക്കു സമീപം ദ്വീപ് ഗൂഗിള്‍ മാപ്പില്‍ കണ്ടെത്തിയതിനു സമാനമായ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അര്‍ജുന്‍ ചൂണ്ടിക്കാട്ടുന്നു. മ്യാന്‍മറിലെ വിമാനത്താവളത്തിനു സമീപവും ഇത്തരം രണ്ട് ദ്വീപുകള്‍ കാണാം. ഒരു കപ്പലും ഒരു പാറക്കൂട്ടവുമാണ് ഗൂഗിള്‍ ദ്വീപെന്ന തരത്തില്‍ കണക്കാക്കി അടയാളപ്പെടുത്തിയത്.