കര്‍ണാടകയില്‍ പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

covid

ബെംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കര്‍ണാടക നിര്‍ബന്ധമാക്കി. കോവിഡ് വാക്‌സീന്റെ രണ്ടു ഡോസുകളും എടുത്തിട്ടുള്ളവരെ ഇതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.ബസ്, വിമാനം, ട്രെയിന്‍, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളിലൂടെ കര്‍ണാടകയില്‍ പ്രവേശിക്കുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്.

കര്‍ണാടകയിലേക്കു പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനായി കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക്, മൈസൂര്‍, ചാമരാജനഗര എന്നീ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കു നിര്‍ദേശം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തേക്കു പ്രവേശിക്കുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയരാകണമെന്നും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍, രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍, മറ്റ് അവശ്യകാര്യങ്ങള്‍ക്ക്( ബന്ധുവിന്റെ മരണം, ചികിത്സ എന്നിവ)എത്തിയവര്‍ എന്നിവരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.