തിരുവനന്തപുരം: ജലീലിന്റെ രാജിയെ ധാരമ്മികമായി കാണാനാവില്ലെന്നും മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ജലീല്‍ രാജി വച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് നില്‍ക്കക്കളളിയില്ലാതെ വന്നപ്പോള്‍ രാജി വച്ചുവെന്നും ഇതില്‍ ധാര്‍മ്മികത പ്രസംഗിക്കാന്‍ സിപിഎമ്മിന് എന്ത് അവകാശമാണുളളതെന്നും ചെന്നിത്തല ചോദിച്ചു.
പൊതുജനാഭിപ്രായം സര്‍ക്കാരിന് എതിരായി ഉയര്‍ന്നപ്പോഴാണ് ഇപ്പോള്‍ ധാര്‍മ്മികത പറയുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. എല്ലാ വാതിലുകളും മുട്ടി നോക്കിയിട്ടും ജലീലിന് ഒരു പിന്തുണയും ലഭിച്ചില്ലെന്നും തുടര്‍ന്നാണ് രാജിവെപ്പിക്കാന്‍ പാര്‍ട്ടിക്ക് മുന്നോട്ടുവരേണ്ടതായി വന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.ലോകായുക്ത റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാജിയെങ്കില്‍ ധാര്‍മ്മികതയാണെന്ന് പറയാമായിരുന്നു. പുറത്തിറങ്ങി നടക്കാനാകില്ലെന്ന സ്ഥിതിയിലാണ് ഈ മാറ്റം. ഈ ഘട്ടത്തിലെല്ലാം മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇത് കൊണ്ട് അവസാനിക്കുന്നില്ലെന്നും ജലീല്‍ ക്രിമിനല്‍ വിചാരണ ഉള്‍പ്പെടെ നേരിടേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
2021-04-13