കെ.എം ഷാജിക്കെതിരെയുള്ള കേസ് : വോട്ടെടുപ്പ് തീരാന്‍ വിജിലന്‍സ് കാത്തുനിന്നത് വിവാദങ്ങള്‍ ഒഴിവാക്കാന്‍

shaji

കോഴിക്കോട് : കെ.എം.ഷാജി എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ വോട്ടെടുപ്പ് കഴിയുംവരെ വിജിലന്‍സ് കാത്തുനിന്നത് വിവാദങ്ങള്‍ ഒഴിവാക്കാനാണെന്ന് റിപ്പോര്‍ട്ടുകള്‍. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചു ഷാജിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഞായറാഴ്ച കേസ് റജിസ്റ്റര്‍ ചെയ്തതും വീടുകളില്‍ പരിശോധന നടത്തിയതും. അഭിഭാഷകനായ എം.ആര്‍.ഹരീഷ് സമര്‍പ്പിച്ച പരാതിയിലാണ് കോഴിക്കോട് വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പി എസ്.ശശിധരന്‍ പ്രാഥമികാന്വേഷണം നടത്തി മാര്‍ച്ച് 19ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.9 വര്‍ഷത്തിനിടെ 1.47 കോടി രൂപയുടെ അനധികൃത സമ്പാദ്യം ഷാജിക്കുണ്ടായി എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. എംഎല്‍എ ആയതിനു ശേഷമുള്ള 9 വര്‍ഷത്തിനിടെ 88.57 ലക്ഷം രൂപയാണ് ഷാജിയുടെ വരുമാനം. എന്നാല്‍ ഈ കാലയളവില്‍ 2.03 കോടി രൂപയുടെ സമ്പാദ്യം ഷാജിക്കുണ്ടായി. കണ്ണൂരിലും കോഴിക്കോട്ടും ഭാര്യയുടെ പേരിലുള്ള വീടുകള്‍ ഉള്‍പ്പെടെയാണ് ഈ സമ്പാദ്യം. 32.19 ലക്ഷം രൂപയുടെ ചെലവ് കൂടി കണക്കാക്കുമ്പോള്‍ വരുമാനം 2.36 കോടി. ഇതനുസരിച്ച് 1.47 കോടി രൂപയുടെ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരിന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.

അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചു ഷാജിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനു സ്വന്തം നിലയ്ക്ക് കേസെടുക്കാമെന്നു വിജിലന്‍സ് കോടതി പരാമര്‍ശിച്ചെങ്കിലും ഹര്‍ജി തീര്‍പ്പാക്കിയിരുന്നില്ല. ഇന്നലെ രാവിലെ 6.30ന് കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടിലെത്തിയ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ സംഘം നടത്തിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. വീടുനിര്‍മാണം, സ്ഥലം വില്‍പന എന്നിവയുടെ രേഖകള്‍ മുതല്‍ വീട്ടില്‍ ഗൃഹോപകരണങ്ങളുടെ ബില്ലുകള്‍ ഉള്‍പ്പെടെ സംഘം പരിശോധിച്ചു.കണ്ണൂര്‍ മണലിലെ വീട്ടില്‍ നിന്നാണ് 50 ലക്ഷത്തോളം രൂപ പിടികൂടിയത്. പരിശോധന നടക്കുമ്പോള്‍ ഇവിടെ ഷാജിയുടെ സഹായി മാത്രമാണ് ഉണ്ടായിരുന്നത്.
അതേസമയം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരായ കേസും റെയ്ഡും രാഷ്ട്രീയ പകപോക്കലാണെന്നും ഇതിനു കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.