മുഖ്യമന്ത്രിയുടേയും കെപിസിസി പ്രസിഡന്റിന്റേയും വാക്‌പോര് : മരംകൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വാക്‌പോര് മരംകൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.മുഖ്യന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകള്‍ നാലതിഥികളെവച്ച് ചര്‍ച്ച. അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങനെ മണ്ടന്മാരാക്കാന്‍ ഈ കൂട്ടുകെട്ടിനല്ലാതെ ആര്‍ക്കു കഴിയും? കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ. നമുക്ക് മരംകൊള്ള മറക്കാം, ഇതിനുപിന്നാലെ ഓടാം സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

അതേസമയം, നിന്നെക്കാള്‍ വലിയ ചട്ടമ്പി താനാണെന്ന മട്ടിലാണ് മുഖ്യമന്ത്രി വീമ്പ് പറയുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കണ്ണൂര്‍ക്കളരിയില്‍ ഇരുവരും ഗുണ്ടകളായിരുന്നുവെന്നും ആരായിരുന്നു ഏറ്റവും വലിയ ഗുണ്ടയെന്ന കാര്യത്തിലായിരിക്കണം തര്‍ക്കമെന്നും അത്തരം തര്‍ക്കങ്ങള്‍ സ്വകാര്യമായി തീര്‍ത്ത് ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും കെപിസിസി അധ്യക്ഷനില്‍നിന്ന് ഇത്രയും പ്രതീക്ഷിച്ചാല്‍ മതി. എന്നാല്‍ മുഖ്യമന്ത്രി പഴയ പാര്‍ട്ടി സെക്രട്ടറി അല്ലെന്ന് ഓര്‍ത്താല്‍ നല്ലതെന്നും കൃഷ്ണദാസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.