തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഗൂഢാലോചനയുടെ ചുരുള്‍ അഴിക്കാന്‍ സിബിഐ എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
മാലിക്കാരികള്‍ വഴി ക്രയോജനിക് റോക്കറ്റ് വിദ്യ പാകിസ്ഥാനും വികാസ് എന്‍ജിന്റെ സാങ്കേതികവിദ്യ റഷ്യയ്ക്കും കൈമാറിയെന്നാണ് കേസ്. ഗൂഢാലോചന സംശയിക്കാന്‍ ചാരക്കേസില്‍ കാരണങ്ങളേറെയാണ്. ഐ. ബിയും പൊലീസും നമ്പിനാരായണന്റെ പേര് തന്നെക്കൊണ്ട് പറയിച്ചതാണെന്ന് മാലദ്വീപുകാരി ഫൗസിയ ഹസന്‍ സമ്മതിച്ചിരുന്നു. നമ്പിനാരായണന്റെ പേര് പേപ്പറില്‍ എഴുതിക്കാണിച്ച് വായിപ്പിച്ചെന്ന് മറിയം റഷീദയും പറഞ്ഞു. മകള്‍ ജിലയെ (അന്ന് 14 വയസ്) കണ്‍മുന്നില്‍ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതെന്നും ചാരവൃത്തിക്കായി മകള്‍ നാസിഹ 25,000 ഡോളര്‍ തനിക്ക് തന്നെന്ന കള്ളമൊഴി രേഖപ്പെടുത്തിയെന്നുമുള്ള ഫൗസിയയുടെ മൊഴിയും സംശയം ജനിപ്പിക്കുന്നതാണ്. ചാരക്കേസ് കെട്ടുകഥയാണെന്നും അന്വേഷണം അവസാനിപ്പിക്കണമെന്നും ഐ.ജി ജി.ബാബുരാജ് കേസ്ഡയറിയില്‍ രേഖപ്പെടുത്തി.
ക്രൈംബ്രാഞ്ച് ഡി.ഐ.ജി ആയിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ എസ്. പി ജി.ബാബുരാജ്, ഡിവൈ.എസ്.പി കെ.കെ.ജോഷ്വ, സ്‌പെഷല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.വിജയന്‍, ഇന്‍സ്‌പെക്ടര്‍ എസ്.യോഗേഷ്, വഞ്ചിയൂര്‍ എസ്.ഐ തമ്പി എസ്.ദുര്‍ഗാദത്ത്,പേരൂര്‍ക്കട സി.ഐ എ.കെവേണുഗോപാല്‍, സ്‌പെഷ്യല്‍ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സുരേഷ്ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്. നമ്പിനാരായണന്റെയും രമണ്‍ശ്രീവാസ്തവയുടെയും പേരുകള്‍ പറയാന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ ആര്‍.ബി.ശ്രീകുമാര്‍ മര്‍ദ്ദിച്ചെന്നും സിബി മാത്യൂസ്, എസ്. വിജയന്‍ എന്നിവര്‍ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്നും മറിയംറഷീദ വെളിപ്പെടുത്തി.
2021-06-26

