ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും നവോമി ഒസാക്ക പിന്മാറി

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ആദ്യ റൗണ്ട് മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ കോര്‍ട്ട് വിട്ട ഒസാക്കയ്‌ക്കെതിരേ നടപടിയെടുക്കുമെന്ന് നാല് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളുടേയും സംഘാടകര്‍ അറിയിച്ചതിന് പിന്നാലെ നവോമി ഒസാക്ക കളിയില്‍ നിന്നും പിന്‍മാറി. ഒസാക്കയുടെ പിന്മാറ്റത്തെ തുടര്‍ന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ഗില്ലെസ് മൊറെട്ടന്‍ ക്ഷമാപണം നടത്തി. ട്വിറ്ററിലൂടെയാണ് തന്റെ പിന്മാറ്റത്തെ കുറിച്ച് ഒസാക്ക അറിയിച്ചത്. നിലപാട് വളരെ കൃത്യമാണെന്നും ഇനിയും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദം അനുഭവിക്കാന്‍ കഴിയില്ലെന്നും ഒസാക്ക കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് ഓപ്പണിലെ ആദ്യറൗണ്ട് ജയത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ മടങ്ങിയ ഒസാക്കയ്ക്ക് 15000 ഡോളര്‍ പിഴ ചുമത്തിയിരുന്നു.തോല്‍വിക്കുശേഷമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍, വീണുകിടക്കുന്നയാളെ തൊഴിക്കുന്നതിന് തുല്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.