പാകിസ്ഥാനെതിരെ അതിശക്തമായി ഇന്ത്യ തിരിച്ചടിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്കയുടെ വാര്‍ഷിക രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷമാണ് ഇന്ത്യയില്‍ ഈ മാറ്റം കണ്ടുതുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാന്‍ ഭീകരരെ നിയന്ത്രിക്കുന്നതില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോള്‍ ഐക്യരാഷ്ട്ര സഭ, ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി എന്നിവിടങ്ങളില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് പാകിസ്ഥാന്റെ തനിനിറം ലോകത്തിന് കാട്ടിക്കൊടുക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. മോദി അധികാരത്തിലെത്തിയശേഷമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആക്കം കൂടിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഗല്‍വാന്‍ സംഭവത്തില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതോടെയാണ് ബന്ധം കൂടുതല്‍ വഷളായത്. മാത്രമല്ല, ഗല്‍വാനിലേതുപോലുളള സംഘര്‍ഷങ്ങള്‍ വീണ്ടും ഉണ്ടായേക്കാം എന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.