കൊച്ചി: ഇന്നുമുതല്‍ രാജ്യത്തെവിടെനിന്നും ലഭിക്കുക ഹാള്‍മാര്‍ക്ക് എന്ന ഗുണമേന്മാ മുദ്ര ആലേഖനം ചെയ്ത സ്വര്‍ണം മാത്രം. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് വ്യവസ്ഥ ബാധകമല്ല. ഉപയോക്താക്കളുടെ കൈവശമുള്ള ഏതു കാരറ്റിലുള്ള സ്വര്‍ണാഭരണവും തുടര്‍ന്നും മാറ്റിയെടുക്കാം. ഹാള്‍മാര്‍ക് ചെയ്യാത്ത സ്വര്‍ണം സ്വീകരിക്കില്ലെന്ന് ഏതെങ്കിലും സ്വര്‍ണവ്യാപാരികള്‍ പറഞ്ഞാല്‍, ഉപയോക്താക്കള്‍ക്കു നിയമപരമായി നീങ്ങാവുന്നതാണ്. അതേസമയം, നിയമം നടപ്പാക്കാനുള്ള സമയപരിധി 2022 ജൂണ്‍ വരെ നീട്ടണമെന്നാണ് സ്വര്‍ണവ്യാപാര രംഗത്തെ സംഘടനകളുടെ ആവശ്യം. സാമ്പത്തിക ആവശ്യങ്ങള്‍ക്കായി സ്വര്‍ണം പണയം വയ്ക്കുമ്പോഴും സ്വര്‍ണപണയത്തിനും നിയമം ബാധകമല്ല.14, 18, 22 കാരറ്റിലുള്ള ആഭരണങ്ങള്‍ മാത്രമേ ജ്വല്ലറികള്‍ക്കു വില്‍ക്കാനാകൂ. ഇതില്‍ ഏതു കാരറ്റില്‍ ആഭരണങ്ങള്‍ നിര്‍മിച്ചാലും ഹാള്‍മാര്‍ക് ചെയ്യണം. 21 കാരറ്റ് സ്വര്‍ണം പുതിയ വിജ്ഞാപനപ്രകാരം ജ്വല്ലറികളില്‍ വില്‍ക്കാനാകില്ല. നിലവില്‍ സംസ്ഥാനത്തു വില്‍ക്കുന്ന ആഭരണങ്ങളില്‍ (2ഗ്രാമിനു മുകളിലുള്ളവ) ഏതാണ്ട് 100 ശതമാനവും ഗുണമേന്മാ മുദ്ര പതിച്ചവയാണ്. വിവിധ ഹാള്‍മാര്‍ക്കിംഗ് സെന്ററുകളില്‍നിന്നു മുദ്ര പതിപ്പിച്ച ശേഷമാണ് ലൈസന്‍സില്ലാത്ത ജ്വല്ലറികളും ആഭരണങ്ങള്‍ വില്‍ക്കുന്നത്.
2021-06-16

