സിനിമാലൊക്കേഷനുകള്‍ കേരളം വിടുന്നു

കൊച്ചി : സിനിമാലൊക്കേഷനുകള്‍ കേരളത്തില്‍ നിന്നും അയല്‍സംസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നുവെന്ന് നിര്‍മാതാവും മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍. കേരളത്തില്‍ ഇനിയും ഷൂട്ടിങ് ആരംഭിക്കാത്ത സാഹചര്യത്തിലാണ് ഇത്.

ഷിബു ജി. സുശീലന്റെ വാക്കുകള്‍:
കേരളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയുടെ സിനിമ ഷൂട്ടിങ് കേരളത്തില്‍ നിന്ന് പുറത്തേക്ക്…
‘കേരളത്തില്‍ സിനിമ ഷൂട്ടിങിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതുകൊണ്ട് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നു. ഇന്ന് രാവിലെ ‘തീര്‍പ്പ്’ സിനിമ ഡബ്ബിങ്ങിന് വന്നപ്പോള്‍ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്.’

’95ശതമാനം ഇന്‍ഡോര്‍ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആരംഭിക്കുന്നത്. കേരളത്തിലെ സിനിമാ തൊഴിലാളികള്‍ മുഴുപട്ടിണിലാണ്. ഈ സിനിമകള്‍ക്ക് കേരളത്തില്‍ ചിത്രീകരണ അനുമതി നല്‍കിയാല്‍ ഈ തൊഴിലാളികളില്‍ കുറച്ചുപേര്‍ക്ക് ജോലികിട്ടും.’

‘മറ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ അതിനുള്ള സാധ്യത കുറയുകയാണ്. സിനിമാ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പെട്ടെന്ന് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സിനിമ തൊഴിലാളികള്‍ അത്രയും ബുദ്ധിമുട്ടിലാണ് പ്ലീസ്.’-ഷിബു ജി. സുശീലന്‍ പറഞ്ഞു.

അതേസമയം ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ കേരളത്തിനു പുറത്തേയ്ക്ക് മാറ്റുന്ന കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ധു പനയ്ക്കല്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന്റെ മുറയ്ക്ക് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് നിലവില്‍ തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.