കൊച്ചി: ഫിന്‍ലന്‍ഡിലെ ഹമീന്‍ലിന്ന നഗരസഭയിലേക്ക് നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ട് എറണാകുളം മരട് സ്വദേശിയായ പി. രഞ്ജിത്ത് കുമാര്‍. ഒരുതവണ കാബിനറ്റ് അംഗവും കഴിഞ്ഞ തവണ വൈസ് ചെയര്‍മാനുമായിരുന്നു. ഇത്തവണയും വൈസ് ചെയര്‍മാന്‍ സ്ഥാനം ഉറപ്പെന്നാണ് സൂചന.20 വര്‍ഷം മുന്‍പ് 27-ാം വയസിലാണ് രഞ്ജിത്ത് ഫിന്‍ലന്‍ഡില്‍ എത്തിയത്. കൊച്ചിയില്‍ സന്ദര്‍ശനത്തിനെത്തിയ ഫിന്‍ലന്‍ഡ് സ്വദേശി മിന്ന എക്ലോഫുമായുള്ള പ്രണയത്തെ തുടര്‍ന്നായിരുന്നു അത്. അവിടെ എത്തിയശേഷം ബി.എസി.സി നഴ്‌സിംഗും മറ്റ് ചില കോഴ്‌സുകളും പഠിച്ച ശേഷമാണ് ആരോഗ്യ വകുപ്പില്‍ ജോലി ലഭിച്ചത്.കഴിഞ്ഞ 13നായിരുന്നു നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായ രഞ്ജിത്തിന് 329 വോട്ടോടെ മൂന്നാം സ്ഥാനമാണ് ലഭിച്ചത്.
മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന മരട് തെക്കേടത്ത് വീട്ടില്‍ പ്രഭാകരന്റെയും വീട്ടമ്മയായ സുലോചനയുടെയും നാലു മക്കളില്‍ ഇളയതാണ് രഞ്ജിത്ത്.
2021-06-16

