ജൂലായ് 15 നകം 40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യഡോസ് നല്‍കുമെന്നും ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്‌സിന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍്‌ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും.വകഭേദം വന്ന പുതിയ തരം വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തും.

റബ്ബര്‍ വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കാനും അസംസ്‌കൃത വസ്തുക്കളുടെ കടകളും പ്രവര്‍ത്തിക്കാമെന്നും അവലോകനയോഗത്തില്‍ തീരുമാനിച്ചു. മാനസിക വൈകല്യമുള്ളവരെ വാക്‌സിനേഷന്‍ മുന്‍്ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും.നിര്‍മ്മാണ മേഖലയിലെ അതിഥി തൊഴിലാളികള്‍് ഉള്‍പ്പെടെയുള്ളവരെ തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ് ചെയ്യും.കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒക്ടോബറോടെ പ്ലാന്റുകളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.