ഇന്‍-കാര്‍ ഡൈനിംഗ്, പദ്ധതിക്ക് തുടക്കം

riyaz

തിരുവനന്തപുരം : കെടിഡിസിയുടെ ഭക്ഷണം വാഹനങ്ങളില്‍ തന്നെ ലഭ്യമാകുന്ന പദ്ധതിയ്ക്ക് തുടക്കം. മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കെടിഡിസി റസ്റ്റോറന്റുകള്‍ നിങ്ങളുടെ വാഹനങ്ങളിലേക്ക്..
ലോക്ക്ഡൗണ് ഇളവുകള് ലഭ്യമായെങ്കിലും യാത്രചെയ്യുന്നവര്ക്ക് പഴയത് പോലെ വഴിയില്‍ നിന്നും സുരക്ഷിതമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് നമ്മുടെ നാട് മാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ കെടിഡിസിയുടെ ഭക്ഷണം വാഹനങ്ങളില്‍ തന്നെ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമാവുകയാണ്.

ടൂറിസം രംഗത്തെ ഏറ്റവും വിപുലമായ ഹോട്ടല്‍ ശൃംഖലയാണ് കെടിഡിസിയുടേത്. ആളുകള്‍ വിശ്വസിച്ച് ഭക്ഷണം കഴിക്കാനായി എത്തുന്ന കെടിഡിസി ഹോട്ടലുകള് ജനങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലാനാണ് ഒരുങ്ങുന്നത്. കെടിഡിസി ഹോട്ടലുകളിലേക്ക് ചെന്നാല് സ്വന്തം വാഹനത്തില് തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ് പുതിയ പദ്ധതി. ‘ഇന്‍-കാര്‍ ഡൈനിംഗ്’ എന്ന പേരില് തുടങ്ങുന്ന ഈ പദ്ധതി കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്ക്ക് ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കും. യാത്രക്കാര്ക്ക് പുതിയൊരു അനുഭവം കൂടി സമ്മാനിക്കുകയാണ് കെടിഡിസിയുടെ ലക്ഷ്യം.

പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തില്‍ തയ്യാറാക്കി നല്കും. കൂടാതെ ലഘുഭക്ഷണവും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട കെടിഡിസി ആഹാര്‍ റസ്റ്റോറന്റുകളിലാണ് തുടക്കത്തില്‍ പദ്ധതി ആരംഭിക്കുന്നത്.

പ്രതിസന്ധി കാലത്ത് ഹോട്ടല്‍ ടൂറിസം മേഖലയെ കൈപിടിച്ചുയര്ത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.