കോവിഡ് വ്യാപനം : സാമ്പത്തികസഹായവുമായി നിരവധി കമ്പനികള്‍ രംഗത്ത്

കോവിഡ് വ്യാപനത്തിനിടെ സാമ്പത്തികസഹായവുമായി നിരവധി കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുന്ന ഇടങ്ങളില്‍ ക്രയോജനിക് കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്ത് ഓക്‌സിജന്‍ ലഭ്യമാകുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ 1,500 കോടി രൂപയുടെ ധനസഹായം ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റും ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു.ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ വിവിധ കമ്പനികള്‍ വഴി 5,000 കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ാക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി പ്രതിദിനം 1000 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിഡന്‍ ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് റിലയന്‍സ് തുടക്കം കുറിച്ച് കഴിഞ്ഞു. ഇതിനാവശ്യമായ പ്രത്യക കണ്ടെയ്‌നറുകളും കമ്പനി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കൊവിഡ് താല്‍ക്കാലിക ആശുപത്രികളും റിലയന്‍സ് പടുത്തുയര്‍ത്തുന്നുണ്ട്.വന്‍കിട കമ്പനിയായ ഗൂഗിള്‍ 1.8 കോടി ഡോളറിന്റെ സഹായമാണ് പ്രഖ്യാപിച്ചതെങ്കില്‍ ആമസോണ്‍ 1000 മെഡ്‌ട്രോണിക് വെന്റിലേറ്ററുകള്‍ ഇന്ത്യയില്‍ എത്തിച്ചിരുന്നു.മൈക്രോസോഫ്റ്റും വെന്റിലേറ്ററുകളും ഓക്‌സിജന്‍ വിതരണത്തിനാവശ്യമായ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഇലക്ട്രോണിക് ഉത്പന്ന നിര്‍മാതാക്കളായ എല്‍ജി 55 ലക്ഷം ഡോളറിന്റെ സഹായമാണ് ഇന്ത്യക്കായി പ്രഖ്യാപിച്ചത്. രാജ്യത്തെ നിരവധി കമ്പനികള്‍ക്കൊപ്പം രാജ്യാന്തര കമ്പനികളും സഹായഹസ്തവുമായി രാജ്യത്തിന് ഒപ്പമുണ്ട്.