കോവിഡ് പ്രതിരോധം : സജീവമായി പ്രതിരോധസേനകള്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പ്രതിരോധസേനകള്‍ സജീവമായി. ഡല്‍ഹിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനു പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലാണു പ്രതിരോധ സേനകളെ രംഗത്തിറക്കാന്‍ തീരുമാനിച്ചത്.ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുക എന്ന ദൗത്യമാണു വ്യോമസേന ഏറ്റെടുത്തിരിക്കുന്നത്. സി 17, ഐഎല്‍ 76, സി 130 ജെ, എഎന്‍ 32 ചരക്കു വിമാനങ്ങളാണ് ഈ ദൗത്യത്തിനായി സേന രംഗത്തിറക്കിയത്. അടിയന്തര സാഹചര്യങ്ങളില്‍ പറക്കാന്‍ ചിനൂക്, മി 17 ഹെലികോപ്റ്ററുകളെയും തയാറാക്കി നിര്‍ത്തി. സിംഗപ്പുരില്‍നിന്ന് 4 ഓക്‌സിജന്‍ കണ്ടെയ്‌നറുകളുമായി സേനാ വിമാനം കഴിഞ്ഞ ദിവസം ബംഗാളിലെ പാണാഗഡ് വ്യോമതാവളത്തില്‍ പറന്നിറങ്ങി. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലേക്കു കണ്ടെയ്‌നറുകള്‍ എത്തിക്കാനും സേനാ വിമാനങ്ങള്‍ രംഗത്തുണ്ട്.

കോവിഡ് ബാധിതരെ ചികില്‍സിക്കുന്നതിനാവശ്യമായ താല്‍ക്കാലിക ആശുപത്രികള്‍ സജ്ജമാക്കാനുള്ള ദൗത്യമാണു കരസേന ഏറ്റെടുത്തത്. സ്ഥിതി ഏറ്റവും വഷളായ ഡല്‍ഹിയില്‍ കന്റോണ്‍മെന്റ് മേഖലയില്‍ 1000 പേരെ ചികില്‍സിക്കാന്‍ കഴിയുന്ന താല്‍ക്കാലിക ആശുപത്രി സേന സജ്ജമാക്കി. ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ റയില്‍മാര്‍ഗം കൊണ്ടുപോകുന്നതിനുള്ള ട്രെയിന്‍കോച്ചുകള്‍സേനവിട്ടുകൊടുത്തു.സേനാംഗങ്ങള്‍ക്കാവശ്യമായഭക്ഷ്യപദാര്‍ഥങ്ങളടക്കമുള്ള വസ്തുക്കള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന കോച്ചുകളാണിത്.
കഴിഞ്ഞ വര്‍ഷം കോവിഡ് പിടിമുറുക്കിയ വേളയില്‍, വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ നാവികസേന മുഖ്യ പങ്കുവഹിച്ചിരുന്നു. വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ യുദ്ധക്കപ്പലുകളില്‍ സേന നാട്ടിലെത്തിച്ചു. ഇക്കുറി, അത്തരമൊരു ദൗത്യം സേനയ്ക്കില്ലെങ്കിലും ഏതു സാഹചര്യവും നേരിടാന്‍ യുദ്ധക്കപ്പലുകള്‍ അടക്കം സജ്ജമാണ്.റഷ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് 50,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്.അതേസമയം, സേനാംഗങ്ങള്‍ക്ക് അതിവേഗം വാക്‌സീന്‍ ലഭ്യമാക്കാന്‍ ഇതിനിടെ പ്രതിരോധ മന്ത്രാലയം മുന്‍കയ്യെടുത്തു. 13 ലക്ഷം പേരുള്ള കരസേനയില്‍ 99 % പേര്‍ ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചു. 82 % പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.