വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത് വഴി സംസാരിക്കുന്നത് കുറ്റകരം : ഗതാഗതവകുപ്പിന്റെ പരിഷ്‌കാരത്തിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു

തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിക്കുന്ന പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന നിര്‍ദ്ദേശം വന്നതോടെ എതിര്‍പ്പ് ശക്തമാകുന്നു. മൊബൈല്‍ ഫോണ്‍ കയ്യില്‍ പിടിച്ചു സംസാരിക്കുന്നത് നേരത്തേ ലൈസന്‍സ് റദ്ദാക്കുന്ന കുറ്റമായിരുന്നെങ്കിലും 2019 ലെ കേന്ദ്ര മോട്ടര്‍ വാഹന നിയമഭേദഗതി വന്നപ്പോള്‍ സെക്ഷന്‍ 184 (സി) വിഭാഗത്തിലേക്കു മാറ്റിയതോടെയാണ് 2000 രൂപ പിഴയായി മാറുകയായിരുന്നു.

ഇതേ കുറ്റത്തിനു 3 വര്‍ഷത്തിനിടെ രണ്ടാമതും പിടിച്ചാല്‍ പിഴ 5000 രൂപയാണ് ഈടാക്കുക.
എന്നാല്‍ കയ്യില്‍ ഫോണ്‍ പിടിച്ചു സംസാരിക്കുന്നതും ബ്ലൂടൂത്ത് വഴി സംസാരിക്കുന്നതും ഡ്രൈവിങ്ങിലെ ശ്രദ്ധയെ ബാധിക്കുമെന്നതാണു കമ്മിഷണറേറ്റിന്റെ വിശദീകരണം.വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് സംസാരിച്ചാലും ലൈസന്‍സ് റദ്ദാക്കാമെന്ന പൊലീസിന്റെ നിര്‍ദ്ദേശം നടപ്പാക്കുക എളുപ്പമല്ലെന്നാണ് വിദഗ്ദ്ധരുടെ നിര്‍ദ്ദേശം.

നിലവിലെ സാഹചര്യത്തില്‍ ലൈസന്‍സ് റദ്ദാക്കിയാല്‍ കേസ് കോടതിയിലെത്തുമ്പോള്‍ തള്ളിപ്പോകാനിടയുണ്ട്. അതുകൊണ്ട് പൊലീസിന്റെ നിര്‍ദ്ദേശം ഏതു രീതിയില്‍ നടപ്പാക്കുമെന്ന ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.എന്നാല്‍, തൊട്ടടുത്തിരിക്കുന്നയാളോട് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ കാണാത്തയാളോട് സംസാരിക്കുമ്പോള്‍ വേണ്ടിവരും. അതുകൊണ്ട് വണ്ടിയോടിക്കുമ്പോള്‍ ഒരു രീതിയിലും ഫോണ്‍ ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥറുടെ പക്ഷം.