കോണ്‍ഗ്രസില്‍ തലമുറമാറ്റം : ആവശ്യവുമായി പ്രാദേശിക നേതാക്കള്‍ അടക്കം രംഗത്ത്

congress

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന ആവശ്യവുമായി പ്രാദേശിക നേതാക്കള്‍ അടക്കം രംഗത്ത്. ഹൈബി ഈഡന്‍ എം പി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പാണ് ചര്‍ച്ചയ്ക്ക് ചൂടുപിടിപ്പിക്കുന്നത്. എന്തിനാണ് നമുക്ക് ഇനിയും ഉറക്കം തൂങ്ങുന്ന ഒരു പ്രസിഡന്റ്? എന്ന ഒറ്റവരി പോസ്റ്റാണ് വൈറലായിരിക്കുന്നത്. കെപിസിസി അധ്യക്ഷനെ ഉന്നമിട്ടുള്ള പരോക്ഷ വിമര്‍ശനത്തെ അനുകൂലിച്ച് പാര്‍ട്ടിയിലെ യുവനിര കമന്റുമായി സജീവമാണ്.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ലെന്നും ഉചിതമായ തീരുമാനമെടുക്കാമെന്നുമാണ് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്.
അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തോല്‍വിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കെപിസിസി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് സൂചന. ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും.