ചൈന നടത്തുന്ന വൈറസ് യുദ്ധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് വിജയ് വാര്‍ഗിയ

ഭോപ്പാല്‍്: ചൈന ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന വൈറസ് യുദ്ധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാജ്യത്തിന് വേണ്ടി നിലകൊള്ളണമെന്നും മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയ. ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലോകത്തിന് മുന്നില്‍ തരംതാഴ്ത്തുന്നതിന് വേണ്ടിയാണ് ചൈനയുടെ ഈ വൈറസ് യുദ്ധമെന്നും അദ്ദേഹം ആരോപിച്ചു. ചൈനയെ ലോകത്ത് ഇന്നേ വരെ എതിര്‍ത്തിട്ടുള്ളത് ഇന്ത്യയും മോദിജിയും മാത്രമാണ്. അതു കൊണ്ടു തന്നെ കോവിഡിന്റെ രണ്ടാം തരംഗം തനിയെ ആവിര്‍ഭവിച്ചതാണോ മറിച്ച് ഇന്ത്യയിലേക്ക് അയച്ചതാണോ എന്ന കാര്യം വിശകലനം ചെയ്യേണ്ടതുണ്ട്. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ പ്രശസ്തിയെ താറടിക്കുന്നതിനും വേണ്ടിയുള്ള ചൈനയുടെ ടൂള്‍കിറ്റാണ് രണ്ടാം തരംഗം, വിജയ് വാര്‍ഗിയ കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശില് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.