കനറാ ബാങ്കില്‍ നിന്നും ജീവനക്കാരന്‍ തട്ടിയത് 8.13 കോടി രൂപ

പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്ന് തട്ടിയത് 8.13 കോടി രൂപ. കനറാ ബാങ്ക് ശാഖയിലെ കാഷ്യര്‍ കം ക്ലാര്‍ക്കും വിമുക്തഭടനുമായ കൊല്ലം ആവണിശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് പണം തട്ടിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ആദ്യം ബാങ്ക് അധികൃതര്‍ അറിയുന്നത്. ഇതിനെ തുടര്‍ന്ന് പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ബാങ്കിന്റെ തുമ്പണ്‍ ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിലുള്ള പത്ത് ലക്ഷം രൂപ ആരോ പിന്‍വലിച്ചതായി അന്ന് പരാതി ലഭിച്ചു. തുടര്‍ന്ന് ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് തനിക്ക് പിഴവ് സംഭവിച്ചതാണെന്ന് അധികൃതരോട് പറഞ്ഞു. പണം ഉടമയ്ക്ക് നല്‍കി അന്ന് പരാതി പരിഹരിക്കുകയായിരുന്നു. ബാങ്ക് നടത്തിയ ഒരുമാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകള്‍ കണ്ടെത്തിയത്. വിജീഷ് കുടുംബസമേതം കൊച്ചിയിലെ ഫ്‌ലാറ്റില്‍ താമസിക്കുന്നതറിഞ്ഞ പൊലീസ് ഏപ്രില്‍ ആദ്യം അവിടെ ചെന്നപ്പോഴെക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഇയാള്‍ കുടുംബത്തോടൊപ്പം ഒളിവിലാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട് മാനേജര്‍ ഉള്‍പ്പെടെ 5 പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചത് വിജീഷ് തട്ടിപ്പിന് അവസരമാക്കുകയായിരുന്നു. ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ജീവനക്കാരുടെ കമ്പ്യൂട്ടറിലെ പാസ്വേഡ് ശേഖരിച്ചും ഡ്യൂട്ടി സമയങ്ങളില്‍ ചിലര്‍ പുറത്തുപോകുമ്പോള്‍ അവരുടെ കമ്പ്യൂട്ടര്‍ വഴിയുമായാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക വിവരം.