അര്‍ബുദം മുന്‍കൂട്ടി അറിയാന്‍ രക്തപരിശോധന

അര്‍ബുദരോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതിന് മുന്‍പേ രോഗസാധ്യത പ്രവചിക്കുന്ന രക്തപരിശോധന കണ്ടെത്തി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപ്പിജനറസ് ബയോടെക്‌നോളജിയാണ് സിംഗപ്പൂരിലെ സാര്‍ ലാബ്‌സുമായി ചേര്‍ന്ന് എച്ച്ആര്‍സി എന്ന രക്തപരിശോധന വികസിപ്പിച്ചത്. ഇന്ത്യക്കാരനായ നാനോ സയന്റിസ്റ്റ് ഡോ. വിനയ് കുമാര്‍ ത്രിപാഠി, മക്കളായ അനീഷ് ത്രിപാഠി, ആഷിഷ് ത്രിപാഠി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ളതാണ് രണ്ട് കമ്പനികളും.അര്‍ബുദം ബാധിച്ച് മരണമടഞ്ഞ ത്രിപാഠിയുടെ മരുമകന്‍ ഹിമാന്‍ഷു റോയിയുടെ സ്മരണാര്‍ഥമാണ് അദ്ദേഹത്തിന്റെ പേരിന്റെ ചുരുക്കെഴുത്തായ എച്ച്ആര്‍സി രക്തപരിശോധനയുടെ പേരായി ഉപയോഗിച്ചിരിക്കുന്നത്.ലളിതമായ ഈ പരിശോധനയ്ക്ക് എടുക്കുന്ന സമയം 3- 4 ദിവസം മാത്രമാണ്. ആയിരം പേരുടെ രക്തസാംപിളിന്റെ തന്മാത്രാരൂപപരമായ വിശകലനത്തിലൂടെ 25 തരത്തിലുള്ള അര്‍ബുദങ്ങള്‍ നിര്‍ണയിക്കാന്‍ ഈ രക്ത പരിശോധനക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ലോക അര്‍ബുദ റിപ്പോര്‍ട്ട് അനുസരിച്ച് ഒമ്പതില്‍ ഒരാള്‍ക്ക് തന്റെ ജീവിതകാലത്ത് അര്‍ബുദം വരാനുള്ള സാധ്യതയുണ്ട്.