കല്‍പ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പണം കൈപ്പറ്റിയെന്ന ജെആര്‍പി നേതാക്കളുടെ ആരോപണങ്ങള്‍ നിഷേധിച്ച് സി.കെ ജാനു. തിരുവനന്തപുരത്ത് വെച്ച് പണം കൈപ്പറ്റിയെന്ന ആരോപണമുന്നയിച്ച പ്രസീതയെയും ജാനു വെല്ലുവിളിച്ചു. കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ പുറത്ത് വിടണമെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ താനും തയ്യാറാണെന്നും സി കെ ജാനു കൂട്ടിച്ചേര്‍ത്തു. കെ സുരേന്ദ്രനില്‍ നിന്നും 40 ലക്ഷം രൂപ വാങ്ങിയെന്ന ജെ ആര്‍ പി മുന്‍ സംസ്ഥാന സെക്രട്ടറി ബാബുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തെളിവുകള്‍ പുറത്ത് വിടണമെന്നും ജാനു പറഞ്ഞു.
ഏഴ് ദിവസത്തിനകം ആരോപണം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ജെആര്‍പി നേതാക്കള്‍ക്ക് സികെ ജാനു വക്കീല്‍ നോട്ടീസ് അയച്ചു. അതിനിടെ ജെആര്‍പിയുടെ പ്രത്യേക യോഗം ജാനു വിളിച്ചു ചേര്‍ത്തു. ഈ മാസം 11നാണ് യോഗം. ആരോപണങ്ങള്‍ 11ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് സികെ ജാനുവിന്റെ ആവശ്യം.

