ലോക്‌നാഥ് ബെഹ്‌റയ്ക്ക് യാത്രയയ്പ്പ് നല്‍കി സേനാംഗങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ഒഴിയുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് യാത്രയയ്പ്പ് നല്‍കി സേനാംഗങ്ങള്‍. തിരുവനന്തപുരം എസ് എ പി മൈതാനത്ത് നടന്ന ചടങ്ങില്‍ വികാരാധീനനായാണ് ബെഹ്‌റ സംസാരിച്ചത്. കേരളം തനിക്ക് വേണ്ടപ്പെട്ടതാണെന്നും താന്‍ മലയാളം സംസാരിച്ചതും മുണ്ടുടുത്തതും ആരെയും കാണിക്കാന്‍ വേണ്ടിയല്ലെന്നും എല്ലാ ഭാഗത്തു നിന്നും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.

ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും അതിനായി ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ ബെഹ്‌റ കേരള പൊലീസില്‍ നവീകരണം ഇനിയും തുടരേണ്ടതുണ്ടെന്നും വ്യക്തമാക്കി. അഞ്ച് വര്‍ഷമാണ് ബെഹ്‌റ പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്. ഒരു സര്‍ക്കാരിനൊപ്പം പൂര്‍ണമായും പൊലീസ് മേധാവിയായ ആള്‍, ഏറ്റവും നീണ്ട കാലം ആ പദവിയിലിരുന്നയാള്‍, ഈ രണ്ട് നേട്ടങ്ങളുമായാണ് നീണ്ട 36 വര്‍ഷക്കാലമായുളള ബെഹ്‌റയുടെ ഔദ്യോഗിക ജീവിതത്തിന് വിരാമമാകുന്നത്.