തിരുവനന്തപുരം: പൊങ്കാലമാലിന്യ ശുചീകരണവിവാദത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. 28 ലോഡ് മാലിന്യമാണ് പൊങ്കാലയ്ക്ക് ശേഷം നീക്കം ചെയ്തതെന്നും പൊങ്കാലയുടെതിനൊപ്പം പൊതുമാലിന്യങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്നും ഇതിനാണ് 3,57,800 രൂപ ചെലവഴിച്ചതെന്നും മേയര്‍ വിശദീകരിച്ചു. ക്ഷേത്രവളപ്പില്‍് 5000 പേരെ പങ്കെടുപ്പിച്ച് പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. ഒടുവിലാണ് പൊങ്കാല വീട്ടുവളപ്പിലേക്ക് മാറ്റിയത്. അതോടെയാണ് പൊങ്കാല മാലിന്യങ്ങള്‍ക്കൊപ്പം പൊതുമാലിന്യങ്ങളും ഈ ലോറി ഉപയോഗിച്ച് നീക്കാന്‍ തീരുമാനിച്ചതെന്നും ആര്യ രജേന്ദ്രന്‍ വിശദീകരിക്കുന്നു.
ഈ പ്രശ്‌നത്തില്‍ പരാതികള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീടുകളിലാണ് ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചത്. പൊങ്കാലയ്ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തതായാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ രേഖകളിലുള്ളതെന്നാണ് ആരോപണം.

