കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിവിപുലമായ സൗകര്യങ്ങളോടു കൂടിയ പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമായി. 500 കിടക്കകൾ, 10 ഐസിയുകൾ, 190 ഐസിയു കിടക്കകൾ, 19 ഓപ്പറേഷൻ തീയറ്ററുകൾ എന്നിവയടങ്ങിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പി.എം.എസ്.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളോടുകൂടി 7 നിലകളിലായി നിർമ്മിച്ച പുതിയ ബ്ലോക്കിൽ കാർഡിയോ വാസ്‌കുലർ ആന്റ് തൊറാസിക് സർജറി, എമർജൻസി മെഡിസിൻ, പ്ലാസ്റ്റിക് സർജറി, യൂറോളജി ആന്റ് റീനൽ ട്രാൻസ്പ്ലാന്റ് സർജറി, ന്യൂറോ സർജറി, സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി എന്നിവയുൾപ്പെടെ 6 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണുള്ളത്.
പദ്ധതിയ്ക്കു വേണ്ടി ചെലവഴിച്ച 195.93 കോടി രൂപയിൽ 75.93 കോടി രൂപ സംസ്ഥാനത്തിന്റെ ഫണ്ടാണ്. പുതിയ ബ്ലോക്ക് പ്രവർത്തനമാരംഭിക്കുന്നതോടെ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ വലിയ കുതിച്ചുചാട്ടമാണുണ്ടാകുന്നത്. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം മികച്ച ആധുനിക ചികിത്സ ലഭിക്കാൻ ഈ സൗകര്യങ്ങൾ സഹായകമാകും.

