ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നേപ്പാളിലെ നിരവധി പര്‍വതങ്ങളില്‍ സംഘം ചേര്‍ന്നും ഒറ്റയ്ക്കും ട്രക്കിങ് നടത്താന്‍ നിരവധി സഞ്ചാരികളും സാഹസികരും എത്താറുണ്ട്. എന്നാല്‍, ഒറ്റയ്ക്കുള്ള ട്രക്കിങ് നേപ്പാള്‍ നിരോധിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഏപ്രില്‍ ഒന്ന് മുതലാണ് ഒറ്റയ്ക്കുള്ള ട്രക്കിങിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വ്യക്തമാക്കി. ട്രക്കിങ് നടത്തുന്നതിന് ഗൈഡിനെ നിര്‍ബന്ധമാക്കി. വിദേശ സഞ്ചാരികള്‍ക്കാണ് ഈ നിയമം ബാധകമാവുക.
അതേസമയം, സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വക്താവ് മണിരാജ് ലാമിച്ചനെ അറിയിച്ചു. ‘ട്രക്കിങ്ങിനിടെ സഞ്ചാരികള്‍ ഒറ്റപ്പെട്ട് പോകുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് ഈ തീരുമാനം. നേപ്പാളിലെ പര്‍വതങ്ങളിലൂടെയുള്ള ട്രക്കിങ്ങുകള്‍ അപകടകരമാണെന്ന സന്ദേശമാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഈ കാരണത്താലാണ് ട്രക്കിങുകള്‍ക്ക് ഗൈഡിനെ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിലേക്ക് നേപ്പാള്‍ എത്തിയത്. അതോടൊപ്പം പ്രാദേശിക ട്രക്കിങ് ഗൈഡുമാര്‍ക്ക് കൂടുതല്‍ ജോലിസാധ്യത ഉറപ്പുവരുത്താനും ഈ തീരുമാനം സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു’- അദ്ദേഹം വ്യക്തമാക്കി.

