ട്രാൻസ് ഭൂട്ടാൻ ട്രയൽ; 60 വർഷങ്ങൾക്ക് ശേഷം ചരിത്രപാത തുറന്ന് ഭൂട്ടാൻ

60 വർഷങ്ങൾക്ക് ശേഷം ചരിത്രപാത തുറന്നിരിക്കുകയാണ് ഭൂട്ടാൻ. ട്രാൻസ് ഭൂട്ടാൻ ട്രയലിലൂടെയുള്ള യാത്ര ചരിത്രത്തിലൂടെയുള്ള യാത്ര കൂടിയാണ്. 9 ജില്ലകളിലെ 28ഓളം ഗ്രാമങ്ങളിലൂടെ ഒരു ദേശീയ ഉദ്യാനത്തിലൂടെ 400 ചരിത്രപരവും സാംസ്‌കാരികവുമായ സ്ഥലങ്ങളിലൂടെ സഞ്ചാരികൾക്ക് യാത്ര ചെയ്യാമെന്നതാണ് ഈ യാത്രയുടെ പ്രത്യേകത.

1962 വരെ ഭൂട്ടാനിലെ ഏറ്റവും പ്രധാനപ്പെട്ട പാതയായിരുന്നു ട്രാൻസ് ഭൂട്ടാൻ ട്രയൽ. പടിഞ്ഞാറ് ഹാ താഴ്‌വരയ്ക്കും കിഴക്ക് ട്രാഷിഗാങ് പട്ടണത്തിനും ഇടയിലാണ് ഈ പാത വ്യാപിച്ചുകിടക്കുന്നത്. ഭൂട്ടാനിലെ ആദ്യ ദേശീയപാതയുടെ പിറവിയോടെ ഈ പാത ഉപയോഗിക്കാതായി. പിന്നീട് പതിറ്റാണ്ടുകൾ ഈ പാത ഉപയോഗ ശൂന്യമായി കിടന്നു. ഇതോടെ ഈ പാതയിലെ റോഡുകളും പാലങ്ങളും തകർന്നിരുന്നു.

പിന്നീട് ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുകിന്റെ ഇടപെടലാണ് പാതയെ പുനരുജ്ജീവിപ്പിക്കാൻ കാരണം. ഈ പാത സംരക്ഷിക്കപ്പെടുന്നതോടെ രാജ്യത്തിന്റെ ചരിത്രവും സംരക്ഷിക്കപ്പെടുമെന്നാണ് രാജാവ് വിശ്വസിച്ചിരുന്നത്. ബുദ്ധമത വിശ്വാസികളുടെയും പ്രധാന തീർഥാടന പാതകളിലൊന്നായിരുന്ന ഇതിലൂടെ ലോകത്തിലെ പ്രധാന ഭരണാധികാരികൾ, സന്യാസിമാർ, വ്യാപാരികൾ, സാഹസികർ തുടങ്ങിയവരെല്ലാം സഞ്ചരിച്ചിട്ടുണ്ട്.

യാത്രികർക്ക് മൗണ്ടൻ ബൈക്കുകളെടുത്ത് സാഹസികയാത്ര നടത്താനുള്ള അവസരവും ലഭിക്കും. ഈ പാതയിലൂടെയുള്ള യാത്ര പുനരാരംഭിച്ചത് രാജ്യത്തെ വിനോദ സഞ്ചാര മേഖലയിൽ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദ സഞ്ചാരികൾ ഭൂട്ടാനിലേക്ക് എത്തും. ഇത് വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ശക്തിപകരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഇവർക്ക് പ്രദേശത്തെ ജനങ്ങളുടെ വീടുകളിൽ താമസിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാമുള്ള സംവിധാനങ്ങളുമുണ്ട്. ഇത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.