കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യം ആവശ്യപ്പെട്ട് ലൈഫ് മിഷന് ഇഡി കത്ത് നൽകി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കണമെന്നാണ് ലൈഫ് മിഷന് ഇഡി നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം, ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ അറിവോടെയാണെന്നാണ് സ്വപ്‌ന നൽകിയിരിക്കുന്ന മൊഴി.
ലൈഫ് മിഷനിലെ കള്ളപ്പണ ഇടപാടിൽ സിഎം രവീന്ദ്രന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി ചാറ്റുകൾ നേരത്തെ പുറത്ത് വന്നിരുന്നു. കരാർ ഉറപ്പിക്കുന്നതിന് മുൻപ് എം ശിവശങ്കറും സ്വപ്നയും 2019 സെപ്റ്റംബറിൽ നടത്തിയ വാട്സ് ആപ് ചാറ്റിൽ സിഎം രവീന്ദ്രനെ കൂടി വിളിക്കാൻ ശിവശങ്കർ സ്വപ്നയോട് നിർദ്ദേശിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സിഎം രവീന്ദ്രന്റെ കൂടി അറിവോടെയാണ് സംഘം നീക്കിയതെന്നാണ് ഈ സംഭാഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കോഴപ്പണം പങ്കിട്ടതിലുള്ള പങ്ക് എന്താണെന്ന് രവീന്ദ്രൻ എൻഫോഴ്സിന് മുന്നിൽ വിശദീകരിക്കേണ്ടി വരും.