ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരി ജില്ലയിലെ മരന്ദഹള്ളിയില്‍ റിസര്‍വ് വനമേഖലയോട് ചേര്‍ന്നുള്ള ഫാമിലെ അനധികൃത വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു. കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ആനക്കുട്ടികളെ അധികൃതരെത്തി അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുത്തി. എന്നാല്‍, ഈ കുട്ടിയാനകള്‍ സ്ഥലത്ത് നിന്ന് മാറാതെ ഏറെനേരം നിന്നു.
അതേസമയം, അനധികൃതമായി വൈദ്യുത വേലി കെട്ടിയിരുന്ന ഫാം ഉടമ കെ മുരുകേശകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്ട്രിക് ലൈനില്‍ നിന്ന് വൈദ്യുതി മോഷ്ടിച്ച് വൈദ്യുത വേലിയില്‍ ഉപയോഗിക്കുകയായിരുന്നു. വൈദ്യുതി ബോര്‍ഡ് മുമ്പ് ഇത് കണ്ടെത്തി നടപടി എടുത്തിരുന്നെങ്കിലും മുരുകേശന്‍ മോഷണം ആവര്‍ത്തിക്കുകയായിരുന്നു.